
ദോഹ:വേനൽക്കാലത്ത് തീപിടിത്തങ്ങൾ ഒഴിവാക്കുന്നതിനായി രാജ്യത്തുടനീളം അഗ്നിശമന സുരക്ഷാ മുൻകരുതലുകളും ബോധവൽക്കരണവും ശക്തമാക്കി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ പൊതുജനങ്ങളും കെട്ടിട ഉടമകളും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ബോധവൽക്കരണ പ്രവർത്തനങ്ങൾ സജീവമാണെങ്കിലും, ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചില അശ്രദ്ധകൾ ഇപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് സിവിൽ ഡിഫൻസ് ചൂണ്ടിക്കാട്ടി.എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ വേനൽക്കാലത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കുള്ളിൽ വെച്ചുനടക്കുന്നത്.ഇലക്ട്രിക് സോക്കറ്റുകളിൽ അമിതമായി പ്ലഗുകൾ കുത്തി ഉപയോഗിക്കുന്നതും ഗുണനിലവാരമില്ലാത്ത വെയറിംഗും.വീട്ടുപകരണങ്ങളിലെയും കെട്ടിടങ്ങളിലെയും തകരാറുകൾ ശ്രദ്ധയിൽപ്പെട്ടിട്ടും അവഗണിക്കൽ. എന്നിവയെക്കുറിച്ച് ജാഗ്രതപാലിക്കണമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.തീയണയ്ക്കുന്നതിനേക്കാൾ പ്രധാനം അത് ഉണ്ടാകാതെ തടയുന്നതാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പ്രിവൻഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സ്റ്റാഫ് മേജർ എൻജി. ഗാനിം സേലം അൽ നുഐമി ഖത്തർ ന്യൂസ് ഏജൻസിയോട് (QNA) പറഞ്ഞു.
"റസിഡൻഷ്യൽ കെട്ടിടങ്ങളിലും ഷോപ്പിംഗ് സെന്ററുകളിലും സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങൾ നിയമങ്ങൾ പാലിക്കുകയും കെട്ടിട ഉടമകൾ ഫയർ അലാറം, അഗ്നിശമന ഉപകരണങ്ങൾ എന്നിവ കൃത്യസമയത്ത് പരിപാലിക്കുകയും വേണം," അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി കണക്ഷനുകൾ ഓവർലോഡ് ചെയ്യരുതെന്നും വീടുകളിലെ വെയറിംഗും ഉപകരണങ്ങളും കൃത്യമായ ഇടവേളകളിൽ പരിശോധിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.










